06 January 2010

പ്രവാസി ദിവസ് എന്ന 'ആണ്ടു നേര്‍ച്ച' - നാരായണന്‍ വെളിയം‌കോട്

pravasi-bhartiya-divasപ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 'ആണ്ടു നേര്‍ച്ച' പ്രവാസി ഭാരതിയ ദിവസ് ജനവരി 7 മുതല്‍ 9 വരെ ഡല്‍ഹിയില്‍ വെച്ച് നടക്കുകയാണ്. ജിവിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും വിട്ട് അന്യ നാടുകളില്‍ ചേക്കേറി, പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നടുവില്‍ പാടു പെട്ട് പണി എടുക്കുന്ന അരക്കോടി യോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നാണ് ഈ സമ്മേളനം നടത്തുന്നത് എന്നാണ് വെയ്‌പ്പ്. എന്നാല്‍ കഷ്ടപ്പാടും പ്രയാസങ്ങളും അനുഭവിക്കുന്ന ലക്ഷ ക്കണക്കായ ഇന്ത്യക്കാര്‍ക്ക് ഇവരുടെ അജണ്ടയില്‍ ഒരിക്കലും സ്ഥാനം കിട്ടാറില്ല. ഏകദേശം 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ ഒരാളു പോലും സാധാരണ ക്കാരനെ പ്രതിനിധീ കരിക്കുന്നില്ല എന്നതാണ് വാസ്തവം.
 
സമ്പന്നരായ പ്രവാസികളെ പ്രതിനിധീ കരിച്ചെത്തു ന്നവര്‍ പരസ്പരം പുകഴ്‌ത്താനും, സര്‍ക്കാറിനെ പുകഴ്‌ത്താനുമാണ് ഏറിയ സമയവും വിനിയോഗിക്കാറ്. സര്‍ക്കാറിനും ഇവരോടാണ് മമത. എന്നാല്‍ കിട്ടുന്ന തുച്ഛ ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച്, നാടിന്റെയും വീടിന്റെയും പുരോഗതിക്കു വേണ്ടി മാസാ മാസം കൃത്യമായി പണം അയക്കുന്ന സാധാരണ ക്കാരായ പ്രവാസികള്‍ക്ക് ഇവര്‍ യാതൊരു വിലയും കല്പിക്കാറില്ല. ഒരു സാധരണ പ്രവാസിയേയും ഈ സമ്മേളനം ഇന്നു വരെ ആദരിച്ചിട്ടില്ല. സര്ക്കാര്‍ ആദരിക്കുന്നതും ബഹുമതികളും ‍ പൊന്നാടകളും അണിയിക്കുന്നതും സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ക്ക് മാത്രം. സമ്പന്നരെ ആദരിച്ചാല്‍ മാത്രമെ ആദരിക്കു ന്നവര്‍ക്ക് ആവശ്യ മുള്ളതെല്ലാം മൊത്തമായി ലഭിക്കുക യുള്ളുവെന്ന തിരിച്ചറി വായിരിക്കും ഇതിന് കാരണം. സ്വന്തം കച്ചവട താല്പര്യം സംരക്ഷി ക്കാനല്ലാതെ സ്വന്തം നാടിന് വേണ്ടി ഇവര്‍ എന്തൊക്കെ ചെയ്തുവെന്ന് പരിശോധിക്കാന്‍ ആരും തയ്യാറാകാറില്ല,
 
കഴിഞ്ഞ പ്രവാസി ദിവസില്‍ ചര്‍ച്ച ചെയ്ത ഏതെല്ലാം കാര്യങ്ങള്‍ നടപ്പാക്കി എന്ന് പരിശോധി ക്കുമ്പോഴാണ് വര്‍ഷം തോറും നടത്തുന്ന ഈ മാമാങ്ക ത്തിന്റെ പൊള്ളത്തരം മനസ്സിലാകുക. കഴിഞ്ഞ സമ്മേളന ത്തില്‍ ചര്ച്ച ചെയ്ത വളരെ ഗൌരവ മേറിയ വിഷയം - ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്താന്‍ പ്രവാസി ഇന്ത്യക്കരുടെ സംഭാവനകള്‍ എങ്ങിനെ പ്രയോജന പ്പെടുത്താം എന്നതായിരുന്നു. ശിശു ക്ഷേമത്തിനും വനിതാ ഉന്നമനത്തിനും ഊന്നല്‍ നല്‍കാന്‍ പ്രവാസികളുടെ സംഭാവനകള്‍ എന്‍. ജി. ഒ. കള്‍ വഴി വിനിയോഗിക്കാനും തത്വത്തില്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ 6506 വികസന ബ്ലോക്കുകള്‍ വഴി പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയില്‍ എത്തുകയും ചെയ്തു. നിക്ഷേപവും സാമൂഹ്യ ക്ഷേമവും ഒരു പോലെ നടപ്പിലാ ക്കുന്നതിന് ബ്ലോക്കുകളില്‍ മൈക്രോ ഫൈനാന്‍സ് പദ്ധതികള്ക്ക് തുടക്ക മിടുമെന്നും ഗ്രാമീണ ദാരിദ്ര്യ ത്തെയാണ് ഈ പദ്ധതി ലക്ഷ്യ മിടുന്നതെന്നും പ്രവാസി കാര്യ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു.
 
പ്രവാസികള്‍ക്ക് വോട്ടവകാശം നല്കുന്ന ബില്ല് അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടന്നില്ല എന്ന് മാത്രമല്ല, പ്രവാസികള്ക്ക് ഗുണകരമായി യാതൊന്നും കേന്ദ്ര പ്രവാസി വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല. പ്രവാസികള്‍ക്ക് അനുവദിച്ച പ്രവാസി സര്‍വ്വ കലാശാല പ്രവാസികള്‍ ഏറെയുള്ള കേരളത്തിന് തരാതെ, മറിച്ച് കൊടുക്കുകയാണ് ചെയ്തത്.
 
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉലയുമ്പോഴും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് യാതൊരു കുറവും സംഭവി ച്ചിട്ടില്ലായെന്ന് മാത്രമല്ല, കൂടിയി രിക്കുകയാണ്. ആകെ അര കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ കാല്‍ കോടിയിലധികം കേരളത്തില്‍ നിന്നുള്ളവരാണ്. അതു കൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്നവരും കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ്. എന്നിരുന്നാലും നാടിനോടും വീടിനോടും ഇവര്‍ കാണിക്കുന്ന പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം കേരളിയരായ പ്രവാസികള്‍ കേരളത്തിലെ പൊതു മേഖലാ ബാങ്കുകളില്‍ നിക്ഷേപിച്ചത് 31585 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 5869 കോടി രൂപ അധികമാണ്. തങ്ങളുടെ നാട്ടിലുള്ളവരെ നല്ല പോലെ പരിപാലിച്ചതിന് ശേഷമാണ് ഈ നേട്ടം ഇവര്‍ കൈവരി ച്ചിരിക്കുന്നത്.
 
പ്രവാസികളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്ന് വരാറുണ്ടെങ്കിലും യാതൊന്നിനും ഇതു വരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ആരും ശ്രമിച്ചിട്ടും ഇല്ല. സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിച്ച് കുലുക്കിയപ്പോള്‍ ആയിര ക്കണക്കിന് ആളുകളാണ് ജോലി നഷ്ടപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അതില്‍ ഏറിയ പങ്കും കേരളിയരാണ്. ഇവരെ പുനധിവ സിപ്പിക്കാനോ ഇവരില്‍ തൊഴില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തു ന്നതിനോ യാതൊരു പരിപാടിയും കേന്ദ്ര സര്‍ക്കാറിനോ കേന്ദ്ര പ്രവാസി വകുപ്പിനോ ഇല്ല. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരി ക്കുന്നതിനാ യിരിക്കണം പ്രവാസി കാര്യ വകുപ്പ് മുഖ്യ പരിഗണന നല്കേണ്ടത്.
 
പ്രവാസി ഇന്ത്യക്കാരെ ഇന്നും ഏറ്റവും അലട്ടുന്നത് അവരുടെ യാത്രാ പ്രശ്നം തന്നെയാണ്. യാതൊരു മാനദണ്ഡവും ഇല്ലാതെ ചാര്‍ജ്ജ് ഇനത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്തി, യാത്രക്കാരെ കൊള്ളയടി ക്കുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്ന ബഡ്ജറ്റ് എയര്‍ലൈന്‍ ആരംഭിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യാത്രക്കാരെ കൊള്ളയ ടിക്കുന്നതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വ്വ കാല റൊക്കാര്‍ഡിന് അര്‍ഹമായിരിക്കുന്നു. യാതൊരു ദയാ ദാക്ഷിണ്യ വുമില്ലാതെയാണ് ഓണം, പെരുന്നാള്‍, ക്രിസ്തുമസ്സ് എന്നീ അവസരങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളില്‍ സ്കുളുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുന്ന സമയത്തും ഇവര്‍ യാത്രാ കൂലിയില്‍ വന്‍ വര്‍ദ്ധനവ് വരുത്തുന്നത്. മാത്രമല്ല ആവശ്യത്തിനുള്ള ഫ്ലയിറ്റുകള്‍ പോലും അനുവദിക്കാതെ, യാത്രക്കാരെ ഇവര്‍ പരമാധി ബുദ്ധിമുട്ടി ക്കാറുമുണ്ട്.
 
ഇന്ത്യയുടെ ഔദ്യോഗിക എയര്‍ലൈനായ എയര്‍ ഇന്ത്യ, ഇന്ത്യാ രാജ്യത്തെ നാണം കെടുത്തുന്ന സ്ഥാപനമായി മാറി ക്കഴിഞ്ഞിരിക്കുന്നു. അഹന്തയും അഹങ്കാരവും നിറഞ്ഞ ഉദ്യോഗ സ്ഥന്മാരും , കൃത്യ നിഷ്ഠ ഇല്ലാത്ത പ്രവര്‍ത്തനവും, തോന്നിയ പോലെ ഷെഡ്യുള്‍ റദ്ദ് ചെയ്യുകയും ചെയ്ത് യാത്രക്കാരെ വട്ടം കറക്കുന്ന ലോകത്തിലെ ഒരേ ഒരു എയര്‍ലൈന്‍ എന്ന ബഹുമതിക്ക് എയര്‍ ഇന്ത്യ അര്‍ഹമാ യിരിക്കുന്നു. ഈ പ്രവാസി ദിവസ് നടക്കുന്ന അവസരത്തില്‍ പോലും കോഴിക്കോട്ട് നിന്ന് ഡിസംബര്‍ തൊട്ട് ഇന്നുവരെ 40 ഓളം ഫ്ലയിറ്റുകളാണ് ക്യന്സല്‍ ചെയ്തിരിക്കുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കൂട്ടത്തോടെ ഫ്ലയിറ്റുകള്‍ റദ്ദ് ചെയ്യുന്നത് ജന ദ്രോഹം മാത്രമല്ല രാജ്യ ദ്രോഹം കൂടിയാണ്.
 
എയര്‍ ഇന്ത്യയില്‍ സമൂലമായ അഴിച്ചു പണിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ? പ്രവാസികള്‍ക്ക് ക്ഷേമ നിധിയും പെന്‍ഷനും വൈദ്യ സഹായവും നല്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമോ? രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിതത്ത്വവും ഉറപ്പ് വരുത്താന്‍ ഈ മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്ന പ്രവാസികള്ക്കും നല്കാന്‍ ഈ സമ്മേളനം തീരുമാനം എടുക്കുമോ?
 
- നാരായണന്‍ വെളിയം‌കോട്
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

നേതാക്കന്മാരും മന്ത്രിപുംഗവന്ന്മാരും വരുമ്പോൾ അവരെ താലപ്പൊലിയുമായി സ്വാകരിക്കുന്നത് ഈ പറഞ ദുരിതം അനുഭവിക്കുന്ന മലയാളികളല്ലേ? എന്തേ നമ്മളെ അവഗണിക്കുന്ന അവരെ തിരിഞുനോക്കാതിരുന്ന്നുകൊoഒടെ?

ഇവിടേ നിന്നും അവർ നിവേദനം കൊണ്ടു പോയി ക്ലോസറ്റിലോ കുപ്പയിലോഇടും.ഇത് ഞാൻ നാരായണേട്ടനോട് പറയേണ്ടതിലല്ലോ?

വോട്ടവകാശം നല്ലതാണ്.എന്നാൽ അത് ലഭിക്കുന്നവർ അത് എപ്രകാരം കൈകാര്യം ചെയ്യും എന്ന് കൂടെ ചിന്തിക്കണം.
പഞ്ചായത്തിലെ വാർഡ് തലത്തിൽ പോലും സംഘടനയുണ്ടാക്കി അതിന്റെ സ്ഥാനമാനങ്ങൾക്കായി തല്ലുകൂടുന്ന പ്രവാ‍സിമലയാളിക്ക് വോട്ടവകാശം നൽകിയാൽ ഇവിടെ ഉണ്ടാകാവുന്ന അഭ്യന്തര കുഴപ്പങ്ങളെ പറ്റി നാരായണേട്ടൻ ചിന്തിച്ചിട്ടുണ്ടോ? വോട്ടവകാശം കിട്ടിയാൽ നട്ടിലെ സ്വഭാവം കാണിക്കുവാൻ മുതിരുന്നവർ മൂലമുണ്ടാകുന്ന സ്വര്യക്കേടൂമൂലം സ്വദേശികൾ നമ്മളേ ഒന്നായി ആടിപ്പായിക്കാനേ ഒരുപക്ഷെ ഇതുകൊണ്ടു ഉപകരിക്കൂ.

ഇതുകൊണ്ടും തീരുന്നില്ല.ടെലിഫോണിൽ തിരഞ്jഎടുപ്പിന്റെ പേരിൽ ഫോൺ വിളികൾ,ലാബർക്യാമ്പടക്കം സാധാരണക്കർ തിങ്ങിനിറഞ് താമസിക്കുന്നിടങ്ങളിൽ നേതാക്കന്മാരുടെ വരവും അതേ തുടർന്നുണ്ടാകുന്ന അസ്വസ്ഥതകളും.

അടുത്ത ദിവസം ഔദ്യോഗികാവശ്യത്തിനായി സുഡാൻ എംബസ്സിയിൽ പോയി.എത്ര മാന്യമായിട്ടാണവർ പെരുമ്മാറിയത്.ആവ്വശ്യപ്പെട്ട കാര്യങ്ങൾ പറഞുതരുവാൻ അവർ വളരെ ഉത്സാഹം കാണിച്ചു.

മുമ്പ് മറ്റൊരു രാജ്യത്തുവച്ച് ഫ്രഞ്ച് എംബസ്സിയുമായി ബന്ധപ്പെട്ടപ്പോളും വളരെ മാന്യമായ പ്രതികരണം ആണ് ഉണ്ടായത്...പിന്നെ എവിടെ ബന്ധപ്പെട്ടപ്പോളാണ് പ്രശ്നം എന്ന് കൂടുതൽ പറയണ്ടല്ലോ?

ആദ്യം വേണ്ടത് വിദേശത്തുള്ള പൌരന്മാരുടെ എണ്ണം കണക്കാക്കി അതിനനുസ്സരിച്ച് എംബസ്സിയിൽ നല്ല ഉദ്യോഗസ്ഥരെയും അതുപോലുള്ള മറ്റു സൌകര്യങ്ങളുമൊരുക്കുകയും ആണ് വേണ്ടത്.

പ്രവാസി ഭാരതീയ ദിവസ് അവർ ശീതീകരിച്ച് മുറികളിൽ ആഘോഷിക്കട്ടെ.നമുക്കിവിടെ ഈ പൊരിവെയിലിൽ പണിയെടുക്കാം...

January 10, 2010 at 10:43 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്