21 February 2010

ആയിരം കണ്ണി ഉത്സവം

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌. ഈ വര്‍ഷം അത്‌ ഫെബ്രുവരി 22 നാണ്. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്‌ ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.
 
നാഷ്ണല്‍ ഹൈവേയില്‍ ആശാന്‍ റോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പു സുല്‍ത്താന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌. ഉച്ചയോടെ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തില്‍ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരം കണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജ വീരന്‍ തിരിച്ചെത്തുന്നു. ഈ സമയം നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും കാവടി, ശിങ്കാരി മേളം, നാദ സ്വരം, തെയ്യം, ദേവ നൃത്തം, മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരികയായി. ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഇവരെ എതിരേറ്റ്‌ ക്ഷേത്ര നടയില്‍ വരി വരിയായി നില്‍ക്കുന്നു.
 
പങ്കെടുക്കുന്ന ആനകളുടെ പേരു കൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണ് ഇവിടത്തെ പൂരം. മുന്‍ കാലങ്ങളില്‍ നാല്‍പ്പത്തഞ്ചോളം ആനകള്‍ ഇവിടെ പങ്കെടുക്കാ റുണ്ടായിരുന്നു‌. ഇപ്പോള്‍ അതു മുപ്പത്തി മൂന്നായി ചുരുക്കി. വഴിപാടു പൂരങ്ങള്‍ രാവിലെ മാത്രമാക്കി. ഉത്സവ പ്രേമികള്‍ക്ക്‌ ഹരം പകരുന്ന ഒരു മല്‍സര പ്പൂരം കൂടെ ആണ് ഇവിടത്തേത്‌. ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റി യിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാല നാരായണന്‍ ആയിരുന്നു. അക്കാലത്ത്‌ ഗുരുവായൂര്‍ പത്മനാഭനും, ഗണപതിയും ഇതില്‍ പങ്കെടുക്കാ റുണ്ടായിരുന്നു.
 
തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്ര ഇത്തവണ തിടമ്പ്‌. ഉത്സവ പ്പറമ്പിലെ ഏക ഛത്രാധിപതി യായ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രന്റെ സാന്നിധ്യം ഒന്നു മാത്രം മതി ആന പ്രേമികളെ ആഹ്ലാദ ചിത്തരാക്കുവാന്‍. ഉത്സവ ദിവസം രാവിലെ ക്ഷേത്ര നടയില്‍ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. നിലവിന്റെ കാര്യത്തില്‍ കാണികള്‍ക്ക്‌ ആവേശം പകരുവാന്‍ യുവ താരങ്ങളായ ചെര്‍പ്പ്ലശ്ശേരി പാര്‍ത്ഥനും, ചുള്ളിപ്പറമ്പില്‍ വിഷ്ണുവും ഉണ്ടാകും. കൂടാതെ ഗുരുവായൂര്‍ വലിയ കേശവന്‍, പാമ്പാടി രാജന്‍, ചെറക്കല്‍ കാളിദാസന്‍ തുടങ്ങി പേരെടുത്ത ഗജ വീരന്മാര്‍ വേറെയും ഉണ്ടാകും.
 
ഷൂട്ടേഴ്സ്‌ ക്ലബ്ബും, ടി. എ. സി. ക്ലബ്ബും, അമ്പിളി ക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശില്‍പങ്ങളും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടു നീളെ ഫ്ലക്സുകളും, തോരണങ്ങളും, ആന പ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. ആയിരം കണ്ണി ഉത്സവത്തിലെ പ്രധാന പങ്കാളിയായ ഷൂട്ടേഴ്സ്‌ ക്ലബ്ബ്‌ ഇത്തവണയും വിപുലമായ സംഗതികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. തെയ്യം, ശിങ്കാരി മേളം, കാവടി, അമ്മങ്കുടം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു വേണ്ടി ഇത്തവണ ഇത്തവണ തിടമ്പേറ്റുന്നത്‌ ദുബായില്‍ എഞ്ചിനീയറായ ജയപ്രകാശ്‌ കൊട്ടുക്കല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഗുരുജിയില്‍ അനന്ദ പത്മനാഭന്‍ എന്ന ആനയാണ്‌.
 
സന്ധ്യക്ക്‌ ദീപാരാധനയും, തുടര്‍ന്ന് ക്ഷേത്രത്തിനു സമീപം വര്‍ണ്ണ മഴയും ഉണ്ടാകും. ഉത്സവത്തിന്റെ നടത്തിപ്പിനായി ജാതി മത ഭേദമന്യേ ഗണ്യമായ പങ്കു വഹിക്കുന്നത്‌ പ്രവാസികളാണ്‌. നേരിട്ട് പങ്കെടുക്കുവാന്‍ ആകില്ലെങ്കിലും‍, മനസ്സു കൊണ്ട്‌ ആ ഉത്സവാര വങ്ങളില്‍ അവര്‍ പങ്കാളികള്‍ ആകുന്നു.
 
- എസ്. കുമാര്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ദേഹാസ്വസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് തെച്ചിക്കോട്ടുകാവ്‌ രമചന്ദ്രനെ ഇന്നലത്തെ പൊക്കുളങ്ങര ഉത്സവത്തിൽ പങ്കെടുപ്പിച്ചില്ല. വിവരം അറിഞ്ഞു ധാരാളം ആരാധകർ അവന്റെ അടുത്തെത്തി.ഡോകടർമാരും പാപ്പാനമാരും അടുത്തുതന്നെ ഉണ്ട്‌, രാമചന്ദ്രൻ വിശ്രമത്തിലാണ്‌.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യത്തിൽ ഊട്ടോളി രാജശേഖരൻ ആണ്‌ തിടമ്പേറ്റിയത്‌.

February 22, 2010 at 10:13 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്