19 September 2009

ആത്മ വിശുദ്ധിയുടെ ചെറിയ പെരുന്നാള്‍ - ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

eid-ul-fitrഅല്ലാഹുവിനെ സ്തുതിച്ചും ആത്മ വിശുദ്ധിയുടെ കൈവല്ല്യത്തെ നമിച്ചും ആഹ്ലാദത്തിന്റെ അലയൊലികളില്‍ തുടിച്ചും, മുസ്ലിം സമുദായം ചെറിയ പെരുന്നാള്‍ തികവാര്‍ന്ന ഭക്തി ആദരങ്ങളോടെ ആഘോഷിക്കുകയാണ്.
 
മുസ്ലിംകള്‍ക്ക് പ്രധാനമായും രണ്ട് ആഘോഷങ്ങള്‍ ആണുള്ളത്. ഈദുല്‍ ഫിതര്‍ (ചെറിയ പെരുന്നാള്‍ ) മറ്റൊന്ന് ഈദുല്‍ അസ്ഹ, (ബലി പെരുന്നാള്‍ ). കൂടാതെ അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ) യുടെ ജന്മ ദിനത്തേയും ലോക മുസ്ലിംകള്‍ ആഘോഷമായി കൊണ്ടാടുന്നു.
 
പെരുന്നാള്‍ ദിനത്തിലെ പ്രധാനമായ രണ്ട് ആരാധനകളാണ് പെരുന്നാള്‍ നിസ്കാരവും ഫിതര്‍ സകാത്തും. ഹിജ്റ രണ്ടാം വര്‍ഷമാണ്‌ ഇവ ഇസ്ലാം മതത്തില്‍ നിയമ മായത്. സമ്പന്നര്‍ പെരുന്നാള്‍ ദിവസം വിഭവ സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍, സാധുക്കളെ പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കാന്‍ ഉപകരിക്കുന്നതിന് ഇസ്ലാം പ്രയോഗ വല്‍ക്കരിച്ച ഒരു വിശിഷ്ട പദ്ധതിയാണ് ഫിതര്‍ സക്കാത്ത്‌.
 
ഫിതര്‍ സക്കാത്ത്‌
 
ആര്‍ക്ക് വേണ്ടി കൊടുക്കുന്നുവോ അയാളുടെ നാട്ടിലെ മുഖ്യ ആഹാരമാണ് ഫിതര്‍ സക്കാത്തായി സാധുക്കള്‍ക്ക് വിതരണം ചെയ്യേണ്ടത്‌ (കേരളീയര്‍ അരി). ഒരാള്‍ക്ക്‌ ഒരു സാഹ് വീതമാണ് കൊടുക്കേണ്ടത്‌. ഒരു സാഹ് എന്നാല്‍ മൂന്നു ലിറ്ററും ഇരുന്നൂര്‍ മില്ലി ലിറ്ററുമാണ്. സുമാര്‍ രണ്ടര കിലോ ഗ്രാം തൂക്കം വരും. പക്ഷെ ഇസ്ലാം ഇവിടെ തൂക്കമല്ല പറഞ്ഞിരിക്കുന്നത് അതിനാല്‍ അളവാണ് കണക്കാക്കേണ്ടത്‌. ഏക ദേശം തൂക്കം പറഞ്ഞു എന്ന് മാത്രം. എന്നാല്‍ അരിയുടെ വില കൊടുത്താല്‍ മതിയാകയില്ല (ശാഫി മദ്ഹബ് പ്രകാരം).
 
അവനും അവന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായ ഭാര്യ, സന്താനങ്ങള്‍, തുടങ്ങിയവര്‍ക്കും വേണ്ടി ഒരു ‘സാഹ്’ വീതം ഭക്ഷണ സാധനം ദാനം ചെയ്യേണ്ടതാണ്. അപ്പോള്‍ ഒരു വീട്ടിലെ പത്ത്‌ പേരടങ്ങുന്ന ഒരു ഗൃഹ നാഥന്‍ അവനടക്കമുള്ള പത്ത്‌ പേര്‍ക്ക് വേണ്ടിയും പത്ത്‌ സാഹ് സുമാര്‍ ഇരുപത്തി അഞ്ച് കിലോ ഗ്രാം അരി ദരിദ്രര്‍ക്ക് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്‌.
 
പരിശുദ്ധ ശവ്വാല്‍ മാസപ്പിറവി കണ്ടത് മുതല്‍ ഇത് നിര്‍ബന്ധമാകും. ഫിതര്‍ സക്കാത്ത്‌ പെരുന്നാള്‍ നിസ്കാരത്തിനു മുമ്പ്‌ കൊടുത്ത് വീടേണ്ടതാണ്‌. പെരുന്നാള്‍ ദിവസത്തിന്റെ പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കാന്‍ പാടില്ല.
 
പെരുന്നാള്‍ നിസ്കാരം
 
പെരുന്നാള്‍ നിസ്കാരം രണ്ട്‌ റകഹത്താണ്. “ചെറിയ പെരുന്നാള്‍ സുന്നത്ത്‌ നിസ്കാരം രണ്ട്‌ റകഹത്ത്‌ ഞാന്‍ നിസ്കരിക്കുന്നു” എന്ന നിയ്യത്തോട് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി വജ്ജ ഹ്ത്ത് ഓതിയ ശേഷം ഏഴ് തക്ബീര്‍ ചൊല്ലണം. പിന്നീട് ഫാത്‌ ഹയും സൂറത്തും ഓതി രണ്ടാം റകത്തില്‍ ഫാതിഹക്ക് മുമ്പായി അഞ്ചും തക്ബീര്‍ ചൊല്ലുക. ബാക്കി എല്ലാം സാധാരണ നിസ്കാരം പോലെ നിര്‍വഹിക്കുക. നിസ്കാരാനന്തരം ഇമാം ഖുത്ത്ബ നിര്‍വഹിക്കുന്നു. ഇതാണ് ചെറിയ പെരുന്നാള്‍ നിസ്കാരത്തിന്റെ ഹ്രസ്വ മായ വിവരണം.
 
ഈദ്‌ കേവലം ഒരു ആഘോഷമല്ല. കുടിച്ചും, പുകച്ചും, കളിച്ചും, മദിച്ചും ആഘോഷിക്കാനുള്ളതല്ല ഈ പെരുന്നാള്‍. ഒരു മാസത്തെ വ്രതാനുഷ്ടാനം കൊണ്ട് നേടിയെടുത്ത ആത്മ വിശുദ്ധിയെയും ഉല്‍ക്കര്‍ഷതയെയും കെടുത്തി കളയുന്ന ഒരു പ്രവണതയിലും നാം പങ്കാളികള്‍ ആവരുത്. പാപ പങ്കിലമായ ഇന്നലെകളെ ഓര്‍ത്ത്‌ നാം ഖേദിക്കുകയും പാപ മുക്തമായ ഒരു നാളെയെ നാം സൃഷ്ടി ക്കുകയും വേണം. അതായിരിക്കട്ടെ ഈ ഈദ്‌ നമുക്ക് നല്‍കുന്ന പ്രചോദനം.
 
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്‌
 
Aloor-Mahmood-Haji
 
- ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി, ദുബായ്‌
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

വളരെ ഉപകാരപ്രദം,
ഒരു പാടു നന്ദി,
ആലൂര് ഹാജിയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു
സ്നേഹട്ത്തേടെ നിഷാര് അഗലാട് & ലത്തീഫ് കോലയിൽ

September 20, 2009 at 10:46 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്