04 September 2009

ആസിയാന്‍ കരാര്‍ : കേരളത്തിന് മഹാബലിയുടെ ഗതികേട്

kerala-farmerആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ മൂലം വാമനന് മൂന്നടി മണ്ണ് ദാനം കൊടുത്ത മഹാബലിയുടെ ഗതിയായിരിക്കും കേരളത്തിന് ഉണ്ടാകുക. കേരളത്തിലെ നാണ്യ വിളകളും സുഗന്ധ വ്യഞ്ജനങ്ങളും ഉല്പാദിപ്പിച്ച് കയറ്റി അയച്ച് അല്ലലില്ലാതെ ജിവിതം നയിക്കുന്ന കര്‍ഷകരെയാണ് അഭിനവ വാമനന്‍ മന്‍‌മോഹന്‍ സിംഗ് ചതിച്ചിരിക്കുന്നത്. മഹാബലി വാമനന് ദാനം ചോദിച്ച മൂന്നടി മണ്ണ് കൊടുത്തതാണ് ഗതികേടാ യതെങ്കില്‍ തേനും പാലും ഒഴുക്കാമെന്ന് പറഞ്ഞ് വന്നവര്‍ക്ക് കൈപ്പത്തി അടയാളത്തില്‍ വോട്ട് നല്‍കിയതാണ് കേരളത്തിന്നും ഇന്ത്യക്കും വിനയാ യിരിക്കുന്നത്. രാജ്യത്തെ മുച്ചൂടും മുടിച്ചേ ഇവര്‍ അടങ്ങുകയുള്ളു.
 
ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ടിരിക്കുന്നത് ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ആണ്. സ്വതന്ത്രം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആദ്യം തോന്നുക അതില്‍ സാധാരണ ജനങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനു പ്രഥമ സ്ഥാനം ഉണ്ടാകും എന്നാണ്. എന്നാല്‍ ആ വാക്കിന്റെ മറ പറ്റി സമ്പന്നരായ ഒരു ചെറു സംഘത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് നീക്കം. ജനാധിപത്യം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തോന്നുക ജനങ്ങളുടെ, ജന സാമാന്യത്തിന്റെ ആധിപത്യം എന്നാണ്. പക്ഷേ പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കുന്നത് മുഖ്യമായി മുതലാളിത്ത താല്‍പര്യങ്ങളാണ് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.
 
സ്വതന്ത്ര വ്യാപാര മേഖലയും ചെയ്യുന്നത് അതു തന്നെ. മുതലാളി ത്തത്തിന്റെ നിരന്തരമായ വളര്‍ച്ചക്ക് കമ്പോളം തുടര്‍ച്ചയായി വികസിച്ചു കൊണ്ടിരിക്കണം. ഓരോ രാജ്യത്തെയും മുതലാളിത്ത ത്തിന്റെയും മുതലാളിത്ത ഉല്‍പാദകരുടെയും ആവശ്യമാണത്. അതിനു തടസ്സമാണ് കഴിഞ്ഞ കാലത്ത് അതത് രാജ്യത്തെ കമ്പോളം അവിടത്തെ ഉല്‍പ്പാദകരെ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതി ചുങ്കങ്ങളും മറ്റും. ചെറുകിട ഉല്‍പാദകര്‍ക്ക് ഇതാണ് ആവശ്യം. എന്നാല്‍ നിരന്തരം വലുതാകാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക്, പ്രത്യേകിച്ച് കുത്തകയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഒരു രാജ്യത്തെ കമ്പോളത്തിനകത്ത് ഒതുങ്ങി നില്‍ക്കാനാവില്ല. വികസിതവും കാര്യമായി വികസിച്ചു കൊണ്ടിരി ക്കുന്നതുമായ രാജ്യങ്ങളിലെ മുതലാളിമാര്‍ക്കാണ് ഈ താല്‍പര്യം ശക്തമായിട്ടുള്ളത്. അവര്‍ക്കു വേണ്ടി അമേരിക്കന്‍ സാമ്രാജ്യ ത്വത്തിന്റെ മുന്‍കയ്യോടെ നടപ്പാക്ക പ്പെടുന്നതാണ് സ്വതന്ത്ര വ്യാപാര കരാറുകള്‍. അക്കൂട്ടത്തില്‍ പെടുന്നതാണ് ആസിയാന്‍ കരാറും.
 
ബ്രൂണെ, മലേഷ്യ, ഇന്തോനേഷ്യ, കമ്പോഡിയ, ലാവോസ്, സിംഗപ്പൂര്‍, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, തായ്ലന്റ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് ഈ കരാറിനകത്ത് ഉള്‍പ്പെടുന്നത്. ഈ രാജ്യങ്ങള്‍ക്കുള്ള പ്രധാന പ്രത്യേകത, ഭൂമദ്ധ്യ രേഖയ്ക്ക് സമീപം കിടക്കുന്നു എന്നതാണ്. ഈ രാജ്യങ്ങളിലെ കാലാവസ്ഥയും കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും തമ്മില്‍ പലതു കൊണ്ടും ബന്ധമുണ്ട്. അതു കൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ ഉല്‍പ്പാദി പ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളും സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിളകളുമെല്ലാം സമാനമാണ്. മാത്രമല്ല, അതില്‍ പലതിലും നമ്മുടെ നാടിനേക്കാള്‍ ഉല്‍പ്പാദനക്ഷമത ഇവര്‍ക്കുണ്ട് എന്നതുമാണ് വസ്തുത. അതു കൊണ്ട് ഈ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ സ്വതന്ത്രമായി കടന്നു വരാന്‍ ഇടയായാല്‍ സംഭവിക്കാന്‍ പോകുന്നത് കേരളത്തിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിയും എന്നതാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളെയെല്ലാം ഇത് ബാധിക്കും. കേരളത്തിന്റെ കാര്‍ഷിക മേഖല തകര്‍ന്ന് തരിപ്പണമാവുകയും ചെയ്യും.
 
ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ കാഴ്ചപ്പാടുകളെ പിന്‍പറ്റി കൊണ്ടു തന്നെയാണ് ആസിയാന്‍ കരാറും നിലവില്‍ വരുന്നത്. ഓരോ രാജ്യവും അതാത് രാജ്യത്തിന്റെ സമ്പദ് ഘടനയെ നില നിര്‍ത്താനും ശക്തിപ്പെടുത്താനും താരീഫ് ചുങ്ക വ്യവസ്ഥകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സ്വാതന്ത്ര്യ ത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനമായതാണ് ഇത്. അതു പോലെ തന്നെ ഇറക്കുമതി നിയന്ത്രണവും ഇതിന്റെ ഭാഗം തന്നെയാണ്. ആഗോള വല്‍ക്കരണം ചെയ്യുന്ന പ്രധാനപ്പെട്ട കാര്യം ഇത്തരത്തില്‍ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക അതിര്‍ത്തികളെ ഇല്ലാതാക്കുക എന്നതാണ്. 1991ല്‍ ആരംഭിച്ച ആഗോള വല്‍ക്കരണ പ്രക്രിയയും ഡബ്ല്യൂ. ടി. ഓ. കരാറും ഇറക്കുമതി ഉദാരവ ല്‍ക്കരണത്തിന്റെ നയങ്ങള്‍ ലോകത്താകമാനം നടപ്പിലാക്കാന്‍ തുടങ്ങി. വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ കയ്യില്‍ ഉല്‍പന്നങ്ങളും ധാരാളം മൂലധനവും ഉണ്ട്. ഇന്ത്യ പോലുള്ള വമ്പിച്ച കമ്പോളം പ്രദാനം ചെയ്യുന്ന രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നില നിര്‍ത്തിയാല്‍ വികസിത രാഷ്ട്രങ്ങളുടെ ചരക്ക് വില്‍പനയും കൂടുതല്‍ ലാഭം തേടിയുള്ള മൂലധന നിക്ഷേപവും നടക്കില്ല. ഇത് നടന്നില്ലെങ്കില്‍ അവരുടെ സമ്പദ്ഘടന തന്നെ വലിയ പ്രതിസന്ധി യിലേക്ക് മുതലകൂപ്പ് നടത്തും. ഇത് പരിഹരിക്കാനാണ് ചരക്കുകളുടെയും മൂലധനത്തിന്റെയും സ്വതന്ത്രമായ വിനിമയം എന്ന ആശയം ഇവര്‍ മുന്നോട്ടു വെക്കുന്നത്.
 
എന്‍. ഡി. എ. സര്‍ക്കാരിന്റെ കാലത്താണ് ഇതിന്റെ കരട് രൂപം തയ്യാറാക്കപ്പെടുന്നത്. 2003 ഒക്ടോബറില്‍ പ്രധാനമന്ത്രി വാജ്പേയ് കരാറില്‍ ഒപ്പിട്ടു. 2005ല്‍ അന്തിമ കരാര്‍ ഒപ്പിടണ മെന്നായിരുന്നു ധാരണ. അതാണ് ഇപ്പോള്‍ 2009 ഒക്ടോബറില്‍ ഒപ്പിടുന്ന നിലയില്‍ എത്തിയതും. 2010 ജനുവരിയോടെ കരാര്‍ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. ചര്‍ച്ചകളും കൂടിയാലോ ചനകളും മറ്റുമായി ഒപ്പിടല്‍ നീണ്ടു പോവുകയായിരുന്നു. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര മേഖല എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇറക്കുമതി ചുങ്കമേ ഇല്ലാതാക്കി സാധനങ്ങളും സേവനങ്ങളും നിക്ഷേപങ്ങളും സ്വതന്ത്രമായി പ്രവഹിക്കുന്ന നില ഉണ്ടാകും. ഇത് ഏറ്റവും ഗുരുതരമായി ബാധിക്കാന്‍ പോകുന്നത് കേരളത്തെയാണ്.
 
കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ പ്രധാനപ്പെട്ട സവിശേഷത കൃഷി ഭൂമിയുടെ ഏകദേശം 16 ശതമാനം മാത്രമാണ് ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യുന്നത് എന്നതാണ്. നാണ്യ വിളകളില്‍ ഊന്നി നില്‍ക്കുന്ന ഇത്തരം ഒരു അവസ്ഥ കേരളത്തില്‍ രൂപീകരിക്ക പ്പെടുന്നതിന് ചരിത്ര പരമായ കാരണങ്ങള്‍ ഉണ്ട്. സുഗന്ധ വ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള മലഞ്ചരക്കുകള്‍ കേരളം നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഇവിടെ നിന്ന് കയറ്റി അയച്ചതായിരുന്നു. വിദേശ മാര്‍ക്കറ്റില്‍ പ്രിയമുള്ള വസ്തുക്കളായിരുന്നു ഇവ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി തോട്ടങ്ങള്‍ ആരംഭിച്ചു. അതിന്റെ തുടര്‍ച്ചയായാണ് നാണ്യ വിള ഉല്‍പാദനത്തിന്റെ രീതി വികസിച്ചു വന്നത്. ആഭ്യന്തരമായ മറ്റ് ചില കാരണങ്ങളും ഇത്തരം ഒരു മാറ്റത്തിന് കാരണമായി; പ്രേരകമായി.
 
സവിശേഷമായ കേരളത്തിന്റെ ഈ സമ്പദ്ഘടന മറ്റ് സംസ്ഥാന ങ്ങളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു രീതി ഇവിടെ വളര്‍ത്തിയെടുത്തു. കുരുമുളകിന്റെ രാജ്യത്തെ മൊത്തം ഉല്‍പാദനത്തിന്റെ 88 ശതമാനവും കേരളത്തില്‍ നിന്നാണ്. നാളികേരത്തിന്റെ 46 ശതമാനവും അതിന്റെ കയറ്റുമതിയുടെ 93 ശതമാനവും ഇവിടെ നിന്നാണ്. റബ്ബര്‍ ഉല്‍പാദനത്തിന്റെ 92 ശതമാനം, ഏലം ഉല്‍പാദനത്തില്‍ 72 ശതമാനം എന്നിവയും നമ്മുടെ സംസ്ഥാനത്തിന്റെ സംഭാവനയാണ്. കയറും കശുവണ്ടിയും മല്‍സ്യവും ചേരുന്നതാണ് കേരളത്തിന്റെ കാര്‍ഷിക മേഖലയും അനുബന്ധ ഉല്‍പാദന മേഖലയും. വ്യാവസായികമായി വികസിക്കാത്ത കേരളത്തില്‍ നമ്മുടെ സമ്പദ്ഘടനയുടെ സുപ്രധാന അടിത്തറയാണ് മേല്‍പ്പറഞ്ഞവ. ഗള്‍ഫ് കുടിയേറ്റവും നാണ്യ വിളകളുടെയും അനുബന്ധ മേഖലകളുടെയും കയറ്റുമതിയാണ് നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമാക്കി നിര്‍ത്തുന്നത്. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയേയും പ്രവാസി മേഖലയേയും തകര്‍ത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആസിയാന്‍ കരാറിലൂടെ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താന്‍ പോകുന്നത്.
 
കുരുമുളക്, റബ്ബര്‍, തേയില, കാപ്പി, മല്‍സ്യം, നാളികേരം തുടങ്ങിയ ഉല്‍പന്ന ങ്ങള്‍ക്കെല്ലാം ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും. പാമോയില്‍ കയറ്റുമതി ചെയ്യുന്ന രണ്ട് പ്രധാന ആസിയാന്‍ രാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും. ഇതിന്റെ ഉല്‍പാദന ച്ചെലവ് അവിടെ കുറവാണ് എന്ന് മാത്രമല്ല, ഉല്‍പാദന ക്ഷമതയും വളരെ കൂടുതലാണ്. തായ്ലന്റ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയവ റബ്ബര്‍ ഉല്‍പാദനത്തിലും ഉല്‍പാദന ക്ഷമതയിലും വളരെ മുന്നിലാണ്. തേയില ഉല്‍പാദന ത്തിലാണെങ്കില്‍ വിയറ്റ്നാമും നമ്മളെക്കാള്‍ ബഹുദൂരം മുന്നിലാണ്. നാളികേരം ഉല്‍പാദനത്തില്‍ ഫിലിപ്പീന്‍സിന്റെ സ്ഥാനവും ഏറെ മുന്നിലാണ്. മണ്ഡരി രോഗവും മറ്റും കാരണം ഏറെ പ്രയാസപ്പെടുന്ന കേരളത്തിലെ നാളികേര കൃഷിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവും ഈ കരാര്‍.
 
മത്സ്യോല്‍പ്പാ ദനത്തില്‍ തായ്ലന്റ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വലിയ പ്രതിസന്ധി സൃഷ്ടിക്കും. കേരളത്തിലെ 70 ലക്ഷത്തോളം വരുന്ന പരമ്പരാഗത മല്‍സ്യ തൊഴിലാളികളുടെ ജീവിതം ഇതോടെ പ്രതിസന്ധിയിലാകും. കേരളത്തിലെ ആഭ്യന്തര ശരാശരി മത്സ്യോല്‍പ്പാദനം ഏകദേശം ആറര ലക്ഷം ടണ്ണാണ്. ഇതില്‍ പത്തു ശതമാനമേ കയറ്റുമതി ചെയ്യുന്നുള്ളൂ. കേരളത്തിലെ കടലിനോട് സമാനമായ കാലാവസ്ഥയാണ് ആസിയാന്‍ രാജ്യങ്ങളിലുള്ളത്. അതിനാല്‍ അവിടെ ലഭിക്കുന്ന മത്സ്യവും നമ്മുടേതിനു സമാനമാണ്. സ്വഭാവികമായും നമ്മുടെ കടലോര മേഖലയെ വറുതിയിലേക്ക് നയിക്കാനേ ആസിയാന്‍ കരാര്‍ ഇടയാക്കൂ.
 
ഇന്ത്യന്‍ ഭരണ ഘടനയില്‍ മൂന്നു തരത്തിലുള്ള പട്ടികകളാണ് ഉള്ളത്. കേന്ദ്രത്തിന് പൂര്‍ണ്ണ അധികാരം നല്‍കുന്ന കേന്ദ്ര പട്ടിക. സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന സംസ്ഥാന പട്ടിക, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാര പരിധിയില്‍ പെടുന്ന കണ്‍കറന്റ് പട്ടിക എന്നിവ. ഇതില്‍ കൃഷി സംസ്ഥാന പട്ടികയില്‍ പെടുന്നു. കേരളത്തിന്റേതു പോലുള്ള കാര്‍ഷിക മേഖലയില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന ആസിയാന്‍ കരാര്‍ ഒപ്പിടുമ്പോ ഴുണ്ടാകുന്ന പ്രശ്നങ്ങള്‍ മുഖ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വ കക്ഷി സംഘം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സംസ്ഥാനവുമായി ഈ കാര്യം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് പ്രധാന മന്ത്രി നല്‍കി. കരാറിന്റെ പൂര്‍ണ രൂപം അറിയിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതെന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ധൃതി പിടിച്ച് കരാറില്‍ ഒപ്പിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ആണവ കരാറിന്റെ കാര്യത്തില്‍ ഇടതു പക്ഷത്തിനു നല്‍കിയ ഉറപ്പ് അവഗണിച്ചു കൊണ്ട് കരാറില്‍ ഒപ്പിടാന്‍ കാണിച്ച വ്യഗ്രത പോലെ തന്നെയുള്ള ഒന്നായിരുന്നു അത്. പാര്‍ലമെന്റ് പിരിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞാണ് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ജന ജീവിതത്തെ ഏറെ ബാധിക്കുന്ന ഈ കരാറിന്റെ വിശദാംശങ്ങള്‍ ഇന്ത്യയിലെ പരമോന്നത സഭയായ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ കേരള ജനതയുടെ മേല്‍ ദുരിതം അടിച്ചേല്‍പി ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
 
ആസിയാന്‍ കരാര്‍ പ്രതിസന്ധി ഉണ്ടാക്കും എന്ന കാര്യം യു. ഡി. എഫും. അംഗീകരിക്കുന്നുണ്ട്. അതു കൊണ്ടാണല്ലോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പ്രധാന മന്ത്രിയെ കണ്ടത്. എന്നാല്‍ തങ്ങളുടെ ആശങ്ക തീര്‍ന്നു എന്നതിനു അടിസ്ഥാനമായി അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. വിശദാംശങ്ങള്‍ പരിശോധി ക്കുമ്പോഴാണ് ഉള്ളു കള്ളികള്‍ വ്യക്തമാവുക. നെഗറ്റീവ് ലിസ്റ്റില്‍ 1460 ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടു ത്തണമെ ന്നായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വാദം. ഇപ്പോള്‍ അത് 489 ആയി കുറച്ചിരി ക്കുകയാണ്. ഇതിനു പോലും സാധ്യത ഇല്ല എന്നതാണ് കരാര്‍ പരിശോധി ക്കുമ്പോള്‍ വ്യക്തമാകുന്നത്. 1994ല്‍ ചേര്‍ന്ന ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനം, മുഴുവന്‍ ഉല്‍പന്നങ്ങളുടെയും തീരുവ 10 വര്‍ഷം കൊണ്ട് 5 ശതമാനമായി കുറയ്ക്കണമെന്ന് തീരുമാനിച്ചതാണ്. 2004 മുതല്‍ ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായി നടന്ന ചര്‍ച്ചയിലൂടെ ഇന്ത്യയ്ക്കു വേണ്ടി മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റ് നെഗറ്റീവ് ലിസ്റ്റ്, തീവ്ര സംരക്ഷിത ലിസ്റ്റ് എന്നിവയി ലുള്ളവയെ സാധാരണ ലിസ്റ്റിലേക്ക് മാറ്റാന്‍ അനുവദിച്ചിട്ടുണ്ട്. അടുത്ത 10 വര്‍ഷം കൊണ്ട് തീരുവ 5 ശതമാനമായി കുറയ്ക്കേണ്ട ഉല്‍പന്നങ്ങള്‍ മാത്രമുള്ള സാധാരണ ലിസ്റ്റിലായി കേരളത്തിലെ മിക്കവാറും എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളും. ആ കരാറില്‍ ഇന്ത്യ 2009 ഒക്ടോബറില്‍ ഒപ്പിടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ധൃതി പിടിച്ച് കേരളത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെ ആഗസ്ത് മധ്യത്തില്‍ തന്നെ ഒപ്പിടുകയാണ് ഉണ്ടായത്. 2010 ജനുവരി ഒന്നോടെ കരാര്‍ നിലവില്‍ വരും. അതോടെ 2017 ആകുമ്പോഴേക്കും ചുങ്കം ഒഴിവാക്കണമെന്ന മുന്‍ധാരണ നേരത്തെയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏഴു കൊല്ലം കഴിഞ്ഞേ അതു കൊണ്ട് പ്രശ്നം ഉണ്ടാകൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മൂന്നു വര്‍ഷങ്ങ ള്‍ക്കുള്ളില്‍ തന്നെ ആ സ്ഥിതി സംജാതമാകും. ഈ വിളകളെല്ലാം ദീര്‍ഘ കാല വിളകളാണ് എന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട കാലയളവിനു ശേഷം ഉണ്ടാകുമെന്ന് ഉറപ്പായ വില ത്തകര്‍ച്ചയുടെ ആഘാതം സമീപ ഭാവിയില്‍ തന്നെ കര്‍ഷകര്‍ നേരിടേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം. കാര്‍ഷിക തകര്‍ച്ച തന്നെയാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന കാര്യം യു. ഡി.എഫു. കാരും അംഗീകരി ക്കുന്നുവെന്ന് ഇതിനര്‍ത്ഥം.
 
കേരളത്തിലെ കൃഷിക്കാര്‍ സബ്സിഡി ആഗ്രഹി ക്കുന്നവരാണ് എന്ന വിമര്‍ശനവും ഉമ്മന്‍ ചാണ്ടി നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ നമ്മുടെ കൃഷിക്കാര്‍ക്ക് ഊഹിക്കാനാവാത്ത തോതില്‍ ഉയര്‍ന്ന സബ്സിഡി ലഭിക്കുന്നുണ്ട് എന്ന കാര്യം ഉമ്മന്‍ ചാണ്ടി വിസ്മരിക്കുകയാണ്. ഇപ്പോഴുള്ള സബ്സിഡി കൂടി പിന്‍വലിച്ചാല്‍ നമ്മുടെ കാര്‍ഷിക മേഖലയുടെ നില എന്തായി ത്തീരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മൂന്നാം ലോക രാജ്യങ്ങളിലെ സബ്സിഡി പിന്‍വലിപ്പിക്കുക എന്ന ആഗോള വല്‍ക്കരണ നയത്തിന്റെ അതേ കാഴ്ചപ്പാടാണ് ഇദ്ദേഹവും മുന്നോട്ടു വയ്ക്കുന്ന തെന്നര്‍ത്ഥം. വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന സബ്സിഡിയുമായി ബന്ധപ്പെട്ടാണ് ദോഹാ വട്ട ചര്‍ച്ചകളില്‍ ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ രൂപപ്പെട്ടത് എന്ന കാര്യം ഇവര്‍ വിസ്മരിക്കുകയാണ്.
 
സ്വതന്ത്ര വ്യാപാര മേഖലയായി മാറ്റപ്പെടുന്നതോടെ ഈ രാജ്യങ്ങളിലേക്ക് ഈ മേഖലയില്‍ ഇല്ലാത്ത രാജ്യങ്ങളിലെ ഉല്‍പന്നങ്ങളും ചുങ്കമില്ലാതെയും നിയന്ത്രണ മില്ലാതെയും കടന്നു വരുന്ന അവസ്ഥ ഉണ്ടാകും. അത് നമ്മുടെ സമ്പദ് ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ആസിയാന്‍ കരാറില്‍ ഒപ്പു വെക്കുന്നതോടെ സമസ്ത മേഖലകളിലും തകര്‍ച്ച യുണ്ടാവാന്‍ പോവുകയാണ്. അതോടൊപ്പം ഭക്ഷ്യ സുരക്ഷയെ തകര്‍ക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുന്ന സമീപന ത്തിനെതിരെ ജനങ്ങളെ ആകമാനം ഉണര്‍ത്താന്‍ കഴിയുന്ന തരത്തില്‍ ഇത് മാറേണ്ടതുണ്ട്.
 
വ്യാവസായിക ഉല്‍പന്നങ്ങള്‍ നമുക്കു കൂടുതല്‍ കയറ്റി അയയ്ക്കാമെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇതു വസ്തുതാ വിരുദ്ധമാണ്. ഇന്ത്യയേക്കാള്‍ വളരെ മുമ്പ് തന്നെ വ്യവസായ വല്‍ക്കരണം നടന്ന രാജ്യങ്ങളാണ് ആസിയാനില്‍ പെട്ട സിംഗപ്പൂര്‍. ലോകത്തിലെ തന്നെ പ്രമുഖ വ്യാവസായിക കേന്ദ്രമാണ് സിംഗപ്പൂര്‍. മാത്രമല്ല, ജപ്പാനും ചൈനയും പോലുള്ള രാജ്യങ്ങള്‍ ആസിയാനുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. അതിനാല്‍ അവ ഉല്‍പ്പാദിപ്പിക്കുന്ന വ്യാവസായിക ഉല്‍പന്നങ്ങള്‍ ആസിയാന്‍ രാജ്യങ്ങളിലൂടെ ഇന്ത്യന്‍ കമ്പോളത്തിലേക്ക് വരികയും അത് നമ്മുടെ വ്യാവസായിക മേഖലയെ തന്നെ തകര്‍ക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകും. 1999 - 2002 കാലഘട്ടത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറിലൂടെ കുറഞ്ഞ വിലയ്ക്ക് വിയറ്റ്നാം കുരുമുളക് ഇവിടെ എത്തിയ കാര്യം നാം ഓര്‍ക്കുന്നത് നന്ന്. ഇത്തരത്തില്‍ നമ്മുടെ കാര്‍ഷിക വ്യാവസായിക മേഖലകളെ തന്നെ അപകടപ്പെടുത്തുന്ന നിലയിലേക്കാണ് ഈ കരാര്‍ നീങ്ങുന്നത്. ഇത് കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കുള്ള മരണ മണിയാണ്. അതു കൊണ്ട് ഇതിനെ ചെറുത്തേ പറ്റൂ. അതിനുള്ള പോരാട്ടങ്ങള്‍ ഇവിടെ ഉയര്‍ന്നു വരേണ്ടതുണ്ട്.
 
നമ്മുടെ കാര്‍ഷിക മേഖലയെ തകര്‍ത്ത് വിദേശ ശക്തികളുടെ താല്‍പര്യം സംരക്ഷിക്കുന്ന നയത്തി നെതിരായി സംസ്ഥാനത്തിന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കു ന്നതിനായി വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. സാമ്രാജ്യത്വ നയങ്ങളിലൂടെ ഇന്ത്യയുടെ വിവിധ മേഖലകളെ തകര്‍ക്കുന്ന നയത്തി നെതിരായി ട്ടായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടം. രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങളെയും സമ്പ്രദായങ്ങളെയും സംരക്ഷിക്കാനുള്ള സമരം കൂടിയായിരുന്നു അത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് ഗാന്ധിജിയുടേത്. രാജ്യത്തിന്റെ പുരോഗതിക്ക് സാമ്രാജ്യത്വത്തെ തകര്‍ത്താല്‍ മാത്രം പോര, ജന്മിത്വം കൂടി തകരണം എന്ന കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നതില്‍ ഗാന്ധിജിക്ക് വന്ന പോരായ്മകളെ ക്കുറിച്ച് നമുക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍ ഗാന്ധിജിയുടെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ സമീപനത്തെ നാം എക്കാലവും സ്വാഗതം ചെയ്തിട്ടുള്ളതുമാണ്. ആ കാഴ്ചപ്പാടിനെ ഉള്‍ക്കൊണ്ടു കൊണ്ടാണ് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആസിയാന്‍ കരാറിനെതിരായും കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ ക്കെതിരായും തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മനുഷ്യ ചങ്ങല തീര്‍ക്കുന്നതിന് സി. പി. ഐ. (എം) സംസ്ഥാന കമ്മിറ്റി തീരുമാനി ച്ചിരിക്കുന്നത്. ഇത് വമ്പിച്ച വിജയമാ ക്കുന്നതിനു കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല രാജ്യത്തെങ്ങുമുള്ള സാമ്രാജ്യത്വ വിരോധികളും കൃഷിക്കാ രടക്കമുള്ള അദ്ധ്വാനിക്കുന്ന ജനങ്ങളാകെയും അണി നിരക്കേണ്ടതുണ്ട്.
 
- നാരായണന്‍ വെളിയംകോട്
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

വെളിയത്തിന്റെ വെളിവ് അപാരം ആസിയന്‍ കരാര്‍ നടപ്പിലായാല്‍ കേരളം കടലില്‍ തഴ്ന്ന് പോകും മാത്രമല്ല ഇന്ത്യ മറ്റോരു സോമാലിയ ആയിപ്പോകുകയും ചെയ്യു. ഇന്ത്യയെയും കേരളത്തേയും രക്ഷിക്കാന്‍ കമ്മുണിസ്റ്റുകാര്‍ക്കു മാത്രമെ കഴിയൂ മറ്റുഭരണാധികാരികള്‍ ഇന്ത്യ് ഭരിച്ചുമുടിച്ച് അമേരിക്കയിലേക്കോ മറ്റുമുതലാളിത്ത രാജ്യങ്ളീലേക്കൊ ഓടിപ്പോകുകയും ചെയ്യും

December 27, 2009 at 9:28 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്